ഡബ്ല്യുസിസിയില്‍നിന്ന് മഞ്ജു വാര്യര്‍ പിന്‍വാങ്ങിയോ ? യാഥാര്‍ത്ഥ്യം ഇതാണ്

ഇന്നലെ നടി പാര്‍വതിയുടെ ട്വീറ്റ് വന്നതിന് പിന്നാലെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ഒരു കാര്യം മഞ്ജു വാര്യര്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍നിന്ന് പിന്മാറി എന്നാണ്. മമ്മൂട്ടിയെയും ദിലീപിനെയും ഒരേ തരത്തില്‍ ചിത്രീകരിക്കുന്ന ലേഖനം ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്‌തെന്ന കാരണം ചൂണ്ടിക്കാട്ടി പ്രതിഷേധസ്വരം ഉയര്‍ത്തി മഞ്ജു വാര്യര്‍ പിന്മാറി എന്നായിരുന്നു വാര്‍ത്ത.എന്നാല്‍, ഇത് വ്യാജമാണെന്നും മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയുമായി സഹകരിക്കുന്നുണ്ടെന്നുമാണ് സംഘടനയോട് അടുത്തവൃത്തങ്ങള്‍ സൗത്ത് ലൈവിനോട് പറഞ്ഞത്. മഞ്ജു വാര്യര്‍ ഇപ്പോഴും വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമാണെന്നും മറ്റ് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഈ വ്യക്തി സ്ഥിരീകരിച്ചു.പതിനെട്ടോളം പേരാണ് ഡബ്ല്യുസിസി എന്ന വനിതാ സംഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ സംഘടനയെക്കുറിച്ചുള്ള ആലോചനകള്‍ ഉണ്ടായതും സംഘടന രൂപീകൃതമാകുന്നതും. മഞ്ജു വാര്യര്‍ ഈ സംഘടനയിലെ പ്രബല വ്യക്തിത്വങ്ങളില്‍ ഒന്നാണ്. ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ ഡബ്ല്യുസിസി വിടുന്നെന്ന വ്യാജ വാര്‍ത്ത പാര്‍വതിയെ എതിര്‍ക്കുന്ന മമ്മൂട്ടി ആരാധകര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ആഘോഷിച്ച് കൊണ്ടാടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു ഇപ്പോഴും സംഘടനയുടെ ഭാഗമാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമുള്ള സ്ഥിരീകരണം പുറത്തുവരുന്നത്.


0 comments:

Post a Comment