കൊളസ്ട്രോള്‍ ചികിത്സയിലെ മുന്നേറ്റങ്ങൾ – പ്രശസ്ത കാർഡിയോളോജിസ്റ്റ് പറയുന്നത് നോക്കൂ

ഡോ. ജോര്‍ജ് തയ്യില്‍ അമിതകൊളസ്ട്രോള്‍ മനുഷ്യജീവന് എന്നും ഭീഷണിയാണ്. മൃദുവായ, മെഴുകുപോലുള്ള ഈ രാസഘടകത്തിന്റെ രക്തത്തിലെ അളവ് അല്‍പ്പം കൂടിയാല്‍ ആയുര്‍ദൈര്‍ഘ്യം കാതലായി കുറയുമെന്ന യാഥാര്‍ഥ്യത്തെപ്പറ്റി ഇന്ന് ഏവരും തികച്ചും ബോധവാന്മാരാണ്. എത്രയെല്ലാം ഭീഷണി ഉളവാക്കുന്നതായാലും കൊളസ്ട്രോള്‍ കൂടാതെയുള്ള ഒരു ജീവിതം അസാധ്യമാണെന്നോര്‍ക്കണം. കോശനിര്മാണ പ്രക്രിയയില്‍ കൊളസ്ട്രോളിന് സുപ്രധാന പങ്കുണ്ട്. കോശങ്ങളിലെ സ്തരങ്ങളില്‍ മുഖ്യഘടകം കൊളസ്ട്രോളാണ്. കോശവ്യൂഹങ്ങളിലെ വൈദ്യുതിവാഹക പ്രക്രിയക്ക് ഇത് ചുക്കാന്‍പിടിക്കുന്നു. വിവിധ ന്യൂറോണുകളുടെ ആവരണങ്ങളില്‍ ഈ രാസതന്മാത്ര സുലഭമാണ്.  ശരീരത്തിലെ വിവിധയിനം കൊഴുപ്പുകളുടെയും കൊഴുപ്പില്‍ മാത്രം ലയിക്കുന്ന സവിശേഷതരം ജീവകങ്ങളുടെയും (വിറ്റാമിന്‍ എ, ഡി, ഇ, കെ) ആഗിരണത്തെ കൊളസ്ട്രോളിന്റെ സാന്നിധ്യം സജീവമാക്കുന്നു. ശരീരത്തിന്റെ ഉപാപചയ പ്രക്രിയകള്‍ക്കും സമൂലമായ പ്രവര്‍ത്തനപന്ഥാവുകള്‍ക്കും ചുക്കാന്‍പിടിക്കുന്ന വിവിധയിനം സ്റ്റിറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കൊളസ്ട്രോളില്‍നിന്നാണ്. ലൈംഗിക ഹോര്‍മോണായ പ്രൊജസ്റ്റെറോണ്‍, ഈസ്ട്രോജന്‍, ടെസ്റ്റോസ്റ്ററോണ്‍ ഇവകളുടെ ഉത്ഭവവും കൊളസ്ട്രോളില്‍നിന്നുതന്നെ.  ചര്മത്തിലുള്ള കൊളസ്ട്രോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. കൊളസ്ട്രോളിന്റെ മുഖ്യസ്രോതസ്സ് സസ്യേതര ഭക്ഷണ പദാര്‍ഥങ്ങളില്‍നിന്നാണ്. മൃഗക്കൊഴുപ്പിന്റെ ആദ്യഘടകം ട്രൈഗ്ലിസറൈഡുകളുടെ സമ്മിശ്രവും ഫോസ്ഫോലിപ്പിസുകളും കൊളസ്ട്രോളുമാണ്. തന്മൂലം മൃഗക്കൊഴുപ്പുള്ള എല്ലാ ആഹാരപദാര്‍ഥങ്ങളിലും കൊളസ്ട്രോള്‍ സുലഭമാണ്. കൊളസ്ട്രോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ശരീരത്തിലെ പ്രധാനപ്പെട്ട ഫാക്ടറി കരളാണ്. ഏകദേശം 80 ശതമാനം അവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ബാക്കി കൊളസ്ട്രോള്‍ നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ശരീരത്തില്‍ എത്തിച്ചേരുന്നു.  ആരോഗ്യപൂര്‍ണമായ മെഡിറ്ററേനിയന്‍ ഡയറ്റും കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമപദ്ധതികളും മനുഷ്യന്റെ സങ്കുചിതമായ സുഖലോലുപതയ്ക്കും ആഹാരഭ്രമത്തിനും മുന്നില്‍ വഴിമാറിയപ്പോള്‍ പ്രശ്നപരിഹാരത്തിനായി കണ്ടുപിടിക്കപ്പെട്ട മരുന്നാണ് “സ്റ്റാറ്റിന്‍സ്’. ഇന്ന് ഔഷധവിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്ന് സ്റ്റാറ്റിന്‍സ്തന്നെ. ഫാര്‍മ കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നേടിക്കൊടുക്കുന്ന ഔഷധവും ഇതുതന്നെ.കൂടുതല്‍ ഫലപ്രദമായൊരു ഔഷധത്തിനുള്ള ഗവേഷണങ്ങള്‍ ചൂടുപിടിച്ചതിലൂടെ പിസിഎസ്കെ-ഒമ്പത് ഇന്‍ഹിബിറ്റര്‍ എന്ന നൂതന ഔഷധം കണ്ടുപിടിക്കപ്പെട്ടു.  ഈ മരുന്ന് ഉപയോഗിച്ച് നടത്തിയ ഗവേഷണങ്ങളുടെ പ്രാഥമികഫലങ്ങള്‍ ലോകശ്രദ്ധയെ ഹഠാദാകര്‍ഷിച്ചു. പിസിഎസ്കെ-ഒമ്പത് പ്രതിബന്ധക മരുന്നുകള്‍ ഉപയോഗിച്ചു ചികിത്സിച്ചവരില്‍ കാലയളവില്‍ 60-70 ശതമാനംവരെ താഴ്ന്നു. ഫലമോ, തുടര്‍ന്നുള്ള കാലയളവില്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത 50 ശതമാനത്തിലേറെ കുറഞ്ഞു. ഇത് കൊളസ്ട്രോള്‍ചികിത്സയിലെ ചരിത്രമുഹൂര്‍ത്തമായി മാറി. എന്താണ് പിസിഎസ്കെ-ഒമ്പത്? കരളിലെ സവിശേഷ ജീന്‍ കോഡ് ചെയ്തിരിക്കുന്ന ഒരു എന്‍സൈമാണ് പിസിഎസ്കെ-ഒമ്പത് .  ഈ മാംസ്യതന്മാത്ര രക്തത്തില്‍ കൊളസ്ട്രോള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. പിസിഎസ്കെ-9 ആന്റിബോഡികള്‍ കുത്തിവയ്പിലൂടെയാണ് നല്‍കുക. ആദ്യകാലങ്ങളില്‍ കുരങ്ങുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഒറ്റ കുത്തിവയ്പുകൊണ്ട് 80 ശതമാനം വരെ എല്‍ഡിഎല്‍ രക്തത്തില്‍ കുറയ്ക്കാന്‍ സാധിച്ചു. രണ്ടുതരം പിസിഎസ്കെ-9 ഇന്‍ഹിബിറ്ററുകളാണ് ഇന്ന് സുലഭമായുള്ളത്. ഇവ ലോക്കു മാബു ആലി റോക്കു മാബും . ഈ രണ്ട് ഔഷധങ്ങള്‍ ഉപയോഗിച്ച് ജപ്പാനിലും അമേരിക്കയിലും നടത്തിയ ഗവേഷണഫലങ്ങള്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായി.  ജപ്പാനില് നടത്തിയ യുക്കാവ സ്റ്റഡിയില്‍ കൊളസ്ട്രോള്‍ അധികരിച്ചിട്ടുള്ള 404 ഹൃദ്രോഗികളെയാണ് പഠനവിധേയമാക്കിയത്. രോഗികളെ രണ്ടു ഗ്രൂപ്പായി വേര്‍തിരിച്ചശേഷം ഇവ ലോക്കു മാബ് ആദ്യത്തെ ഗ്രൂപ്പിലുള്ളവര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ 140 മില്ലിഗ്രാമും രണ്ടാമത്തെ ഗ്രൂപ്പിലുള്ളവര്‍ക്ക് എല്ലാ മാസവും 420 മില്ലിഗ്രാമും കുത്തിവയ്പിലൂടെ നല്‍കി. മൂന്നുമാസം കഴിഞ്ഞ് രക്തം പരിശോധിച്ചപ്പോള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 67-76 ശതമാനംവരെ കുറഞ്ഞതായി കണ്ടു.  ഏകദേശം രണ്ടു ശതമാനത്തില്‍ താഴെയുള്ളവര്‍ക്കേ നിസ്സാരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായുള്ളൂ. പിസിഎസ്കെ-9 ആന്റിബോഡികളുടെ പ്രശ്നം ആദ്യം ഇന്‍സുലിന്‍ കുത്തിവയ്പുപോലെ എല്ലാ ദിവസങ്ങളിലുമല്ലെങ്കിലും മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം എടുക്കണമെന്നതാണ്. കുത്തിവയ്പ് ആര്‍ക്കും അത്ര സുഖകരമല്ല. ഈ സാഹചര്യത്തിലാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ “ഹാര്‍വാര്‍ഡ് സ്റ്റെം സെല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’, കൊളസ്ട്രോളിന്റെ അളവ് ശാശ്വതമായി നിയന്ത്രിക്കാനുള്ള ജീനോം പഠനങ്ങള്‍ അത്ഭുതകരമായി ആസൂത്രണംചെയ്തത്. മുഖ്യഗവേഷകന്‍ ഡോ. കിരണ്‍ മുസനൂറു.  ഈ സംരംഭത്തില്‍ കിരണ്‍ മുസനൂറുവിനെ സഹായിക്കാന്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഡോ. ഡാനിയേല്‍ റാസറും ഒത്തുചേര്‍ന്നു. ആന്റിബോഡികള്‍ കുത്തിവയ്ച്ച് പിസിഎസ്കെ-9 എന്‍സൈമിനെ തളര്‍ത്തുന്നതിനുപകരം ജനിതകമായ ഭേദികളിലൂടെ ഈ തന്മാത്രയില്‍ ഘടനാപരമായ പരിവര്‍ത്തനം നടത്തി ശാശ്വതമായി കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഗവേഷണങ്ങളാണ് നടന്നത്. 2003-ല്‍ ഒരു ഫ്രഞ്ച് കുടുംബത്തിലുള്ളവരില്‍ ജനിതക മ്യൂട്ടേഷന്‍ നടത്തപ്പെടുകയും തല്‍ഫലമായി അവരില്‍ അപകടകാരിയായ എല്‍ഡിഎല്‍ കാതലായി കുറയുന്നതായി കാണുകയും ചെയ്തു.  ഈ യാഥാര്‍ഥ്യത്തില്‍നിന്നാണ് മുസനൂറുവും കൂട്ടരും തങ്ങളുടെ ഗവേഷണത്തിനുള്ള ആര്‍ജവം ഉള്‍ക്കൊണ്ടത്. 2003ല്‍ ഫ്രാന്‍സില്‍ നടന്ന ഗവേഷണങ്ങളാണ് പിസിഎസ്കെ-ഒമ്പതിന്റെ പ്രസക്തി വെളിച്ചത്തുകൊണ്ടുവന്നത്. വളരെ വര്‍ധിച്ച കൊളസ്ട്രോള്‍ അളവും ചെറുപ്പത്തിലേ സംഭവിക്കുന്ന ഹാര്‍ട്ട് അറ്റാക്കും ഉള്ള ഫ്രഞ്ച് കുടുംബങ്ങളിലാണ് പഠനം നടത്തിയത്. അങ്ങിനെയാണ് രക്തത്തില്‍ കൊളസ്ട്രോള്‍ അളവിനെ നിയന്ത്രിക്കുന്ന കരളിലെ സവിശേഷ ജീനായ പിസിഎസ്കെ-ഒമ്പതിന്റെ പ്രാധാന്യം ആദ്യമായി പുറത്തുവന്നത്.  പ്രസ്തുത ജീനില്‍ അജ്ഞാതകാരണങ്ങളാല്‍ നടക്കുന്ന ജനിതകമാറ്റങ്ങള്‍ വര്‍ധിച്ച കൊളസ്ട്രോളിനും അതുവഴി ഹാര്‍ട്ട് അറ്റാക്കിനും കാരണമാകുന്നു. അതുപോലെ ടെക്സാസിലുള്ള മറ്റൊരു ഗവേഷകസംഘം, അവിടത്തെ മൂന്നു ശതമാനം അന്തേവാസികളുടെ പിസിഎസ്കെ-9 ജീനില്‍ തികച്ചും വ്യതിരിക്തവും എന്നാല്‍ അനുകൂലസ്വഭാവവുമുള്ള ജനിതകപരിവര്‍ത്തനം സംഭവിക്കുന്നുണ്ടെന്നും അക്കൂട്ടരില്‍ എല്‍ഡിഎലിന്റെ അളവ് 15-28 ശതമാനം കുറഞ്ഞതായും കണ്ടു. ഇത് അവരിലെ ഹൃദ്രോഗസാധ്യത 48-88 ശതമാനംവരെ കുറയ്ക്കാന്‍ പര്യാപ്തമായി.  സമൂലമായ ജീനോം എഡിറ്റിങ് ആണ് പുതിയ സാങ്കേതികവിദ്യ. ജന്തുക്കളുടെ മാതൃകോശങ്ങളില്‍ ജീനോം എഡിറ്റിങ് ചരിത്രത്തില്‍ ആദ്യമായി നടത്തിയത് മുസനൂറുവും കൂട്ടരുമാണ്. ഡിഎന്‍എയില്‍ പിളര്‍പ്പുകള്‍ വരുത്താന്‍ പര്യാപ്തമായ മാംസ്യതന്മാത്രകളെ അതില്‍ സന്നിവേശിപ്പിച്ച് ജീനിന്റെ “നോക്കൗട്ട്’ നടത്തുക. അങ്ങിനെ പിസിഎസ്കെ-ഒമ്പതില്‍ ജനിതക എഡിറ്റിങ് സംഭവിച്ചപ്പോള്‍ കൊളസ്ട്രോള്‍ സാധാരണ അളവില്‍നിന്ന് 30-40 ശതമാനംവരെ കുറഞ്ഞു. ഇന്ന് ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 88 ശതമാനംവരെ കുറയ്ക്കാന്‍ പര്യാപ്തമായി. എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ മനുഷ്യനിലും നടത്തി താമസിയാതെ മുസനൂറുവും കൂട്ടരും കൊളസ്ട്രോള്‍ ക്രമീകരിക്കാനുള്ള ശാശ്വതപരിഹാരം കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം.  ഇത് പ്രാവര്‍ത്തികമായാല്‍ പിന്നെ കുത്തിവയ്പുകള്‍ക്കു പിറകെ പോകേണ്ട ആവശ്യമില്ല. ഈ തെറാപ്പിയെ “ജനിറ്റിക് വാക്സിനേഷന്‍’ എന്നും വിളിക്കുന്നു.കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വ്യായാമംചെയ്ത് ഭക്ഷണം നിയന്ത്രിക്കണമെന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ എത്രപേരുണ്ട്! ഇന്നത്തെ മനുഷ്യനെ ബാധിച്ചിരിക്കുന്ന ഭ്രാന്തമായ ആവേശം ഭക്ഷണത്തോടുള്ള അമിത ആര്‍ത്തിതന്നെ. എന്തും എപ്പോഴും വെട്ടിവിഴുങ്ങാന്‍ ആക്രാന്തം കാട്ടുന്നവര്‍. സമ്പാദിക്കുന്ന കാശിന്റെ നല്ലൊരുഭാഗം ഭക്ഷണത്തിനായി വിനിയോഗിക്കുന്നു. അങ്ങിനെ വികലമായിക്കൊണ്ടിരിക്കുന്ന ജീവിത-ഭക്ഷണ ശൈലിയില്‍ ഇത്തരം മരുന്നുകള്‍ക്ക് പ്രസക്തിയേറുകയാണ്. (എറണാകുളത്ത് ലൂര്‍ദ്ദ് ആശുപത്രിയില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍


0 comments:

Post a Comment