ഈ ഹോട്ടലിൽ കയറി ഭക്ഷണം ബാക്കി ഇട്ടാൽ എട്ടിന്റെ പണി കിട്ടും

രണ്ടാമത് ചോറ് വാങ്ങി ബാക്കി വെച്ചാൽ 50 രൂപയും മൂന്നാമതാണെങ്കിൽ 100 രൂപയും പിഴ ചുമത്തുന്ന ഒരു ഹോട്ടൽ ഉണ്ട് കേരളത്തിൽ. ഇതെന്താ ഗുണ്ടായിസമാണോ എന്ന് ചോദിച്ചാൽ ഗുണ്ടായിസമൊന്നുമല്ല. മോഹൻലാൽ നരൻ സിനിമയിൽ പറയുന്നത് പോലെ ഓറഞ്ച് ഹോട്ട് ഫുഡിൽ നിന്നും ഭക്ഷണം കഴിക്കുന്നവർക്ക് ചില നിയമങ്ങളൊക്കെയുണ്ട്. അതിൽ ഒന്നാണ് ഈ പിഴ ശിക്ഷ!.  വിശക്കുന്ന വയറിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാനുള്ള ഒരു ഹോട്ടൽ മുതലാളിയുടെയും തൊഴിലാളികളുടെയും ആത്മാർത്ഥമായ ശ്രമമാണ് ഇതിനു പിന്നിൽ. ഇങ്ങനെ പിഴ ചുമത്തുന്ന തുക കൊണ്ട് പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകി വരുന്നുണ്ട് കോട്ടയം ബേക്കറി ജംഗ്ഷനിലെ ഓറഞ്ച് ഹോട്ട് ഫുഡ് എന്ന സ്ഥാപനം.  ഇത്തരത്തിൽ പിഴ ചുമത്താനുള്ള തീരുമാനത്തെക്കുറിച്ചു ഹോട്ടലുടമ നോബി “ഒരു ദിവസം ഏകദേശം 15,20 പേർക്ക് കഴിക്കാനുള്ള ഭക്ഷണം സാധാരണയായി ആളുകൾ രണ്ടാമതും മൂന്നാമതും ചോറ് മേടിച്ച് കളയുന്നതിലൂടെ നഷ്ട്ടമാകുന്നുണ്ട്. ഭക്ഷണം കഴിക്കാൻ വരുന്നവർ സംതൃപ്തിയോടെ വയറു നിറച്ചു കഴിച്ചു പോകണം എന്ന് തന്നെയാണ് നമ്മുടെ ആഗ്രഹം. പക്ഷെ കോടിക്കണക്കിനാളുകൾ ഭക്ഷണം കിട്ടാതെ മരിച്ചു വീഴുമ്പോൾ അവർക്കു കൂടി അവകാശപ്പെട്ട ഭക്ഷണം വെയിസ്റ്റാക്കാൻ നമുക്കെന്താണ് അവകാശം ഉള്ളത്?”  കഴിഞ്ഞ വർഷാവസാനത്തോടെയാണ് നോബി ഇത്തരമൊരു ആലോചനയിലേക്കു കടക്കുന്നത്. ഭക്ഷണാവശിഷ്ടം സംസ്ക്കരിക്കുന്നതിലെ ബുദ്ധിമുട്ടും, തെരുവിൽ കിടക്കുന്നവർ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കഷ്ട്ടപെടുന്നതും തന്നെ ഇത്തരമൊരു ആലോചനയിലേക്കു നയിക്കാൻ കാരണമായെന്ന് നോബി പറയുന്നു. തങ്ങൾ പിഴ ചുമത്തുമെന്ന ബോർഡ് വെച്ചതിനു ശേഷം പിന്നീട് ഭക്ഷണം വെയിസ്റ്റ് ആകുന്ന രീതിക്കു കാര്യമായ മാറ്റം വന്നുവെന്നും ഇപ്പോൾ തീരെ ഭക്ഷണം പാഴാവാറില്ല എന്നും നോബി പറയുന്നു.  ഇപ്പോൾ നോബിയും കൂട്ടരും ഇരുപതോളം പേർക്ക് ഒരു ദിവസം സൗജന്യമായി ഭക്ഷണം നൽകി വരുന്നു. അങ്ങനെ സൗജന്യമായി ഭക്ഷണം കഴിക്കുന്നു എന്ന തോന്നലൊന്നും കഴിക്കാൻ വരുന്നവർക്ക് വേണ്ട. ഹോട്ടലിലെ ബോർഡിൽ തൂക്കിയിട്ടിരിക്കുന്ന സ്ലിപ് എടുത്ത് ധൈര്യമായി വിശക്കുന്നവർക്ക് വയറു നിറയെ ഭക്ഷണം കഴിക്കാം. ഇതിനായി ഷെയർ എ മേൽ എന്നൊരു ബോർഡുണ്ട് അവിടെ ആർക്കു വേണമെങ്കിലും 50 രൂപ നിക്ഷേപിക്കാം. ആ തുക വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരത്തിനായി നോബിയും കൂട്ടരും മാറ്റി വെക്കും. എല്ലാ ഹോട്ടലുകാരും ഇത്തരമൊരു ആശയം നടപ്പിലാക്കുകയാണെങ്കിൽ ഭക്ഷണം പാഴാക്കുന്നത് തടയുകയും അത് കുറെ പേർക്ക് ഒരു നേരത്തെയെങ്കിലും അന്നത്തിനു വഴിയൊരുക്കുകയും ചെയ്യും.

0 comments:

Post a Comment