കോളേജ് ലെ ആദ്യ ദിനം…… സാരിയിൽ കുത്താവുന്ന ഇടത്തൊക്കെ പിൻ കുത്തി… വയർ ഒരൽപ്പം പോലും കാണാൻ പറ്റരുത്.. പോകുന്നത് പയറ്റി തെളിഞ്ഞ ഒരു പറ്റം വിദ്യാർത്ഥികളുടെ ഇടയിലേക്കാണ്… കഞ്ചാവ്, മദ്യം എന്നുവേണ്ട എന്തൊക്കെ വഷളത്തരങ്ങൾ ഉണ്ടാവുമോ അതെല്ലാം അവിടുണ്ട്… പഠിച്ചു വളർന്ന ആ കലാലയത്തിലെ അദ്ധ്യാപിക ആയി ഒരു താൽകാലിക ഒഴിവുണ്ട് എന്നറിഞ്ഞു അപേക്ഷിച്ചു.. പഠിപ്പിച്ചു വലിയ പരിചയം ഒന്നും ഇല്ല. ഇത്രയും ഒക്കെ പഠിച്ചിട്ട് ഒരു ജോലിയും കിട്ടാതെ വീട്ടിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ.. വരുമാനം ഉള്ള ഒരാൾ എങ്കിലും വേണമല്ലോ വീട്ടിൽ ,പലരും പറഞ്ഞിട്ടും അച്ഛൻ എന്റെ ഇഷ്ടത്തിന് തന്നെ എന്നെ പഠിപ്പിച്ചു.. മലയാളം തെരഞ്ഞെടുത്തപ്പോൾ അന്നേ പലരും പറഞ്ഞു ജോലിയൊന്നും കിട്ടില്ല വല്ല സയൻസോ മറ്റോ മതിയെന്ന്.. ഇപ്പൊ എനിക്കും തോന്നുന്നുണ്ട് അത്.. വയ്യാതായ അച്ഛന് ഇനി ഈ ഒരു സഹായം എങ്കിലും ആവട്ടെ… പക്ഷെ ഇപ്പോൾ വല്ലാത്തൊരു ടെൻഷൻ.. എന്റെ തന്നെ പ്രായം ഉള്ള പല ആൺ കുട്ടികളും ഉണ്ട്… മലയാളം എന്ന വിഷയം ദഹിക്കാത്തവർ ആവണം ഭൂരിഭാഗവും.. അതു മാത്രം അല്ല.. പാഠഭാഗങ്ങളിൽ പല ഇടങ്ങളിലും പരാമർശിക്കേണ്ടി വരുന്ന മാതൃത്വത്തെ സൂചിപ്പിക്കുന്ന പല വാക്കുകളും.. അതൊക്കെ ഇവരിൽ ചിലപ്പോൾ ഉണ്ടാക്കുന്നത് മറ്റു വല്ല വികാരങ്ങളും ആവും… പണ്ടുണ്ടായിരുന്ന ഗുരു ശിഷ്യ ബന്ധം എന്നത് ഇപ്പോൾ വെറും കേട്ടു കേൾവി ആയിരിക്കുന്നു. അദ്ധ്യാപികയെ പ്രണയിക്കുന്ന ശിഷ്യൻ, ശിഷ്യയെ പീഡിപ്പിക്കുന്ന അദ്ധ്യാപകൻ.. അങ്ങിനെ ആ ബന്ധത്തിന്റെ പവിത്രത പോലും നശിച്ചു പോയിരിക്കുന്നു…. “ഞാൻ ലേഖ .. പഠിച്ചത് ഇവിടെ തന്നെ ആണ്.. വീട് ഇവിടുന്നൊരു അഞ്ചു കിലോമീറ്റർ ദൂരെ.. വീട്ടിൽ അച്ഛനും അമ്മയും മാത്രം.. അച്ഛന് കൃഷിപ്പണി ആയിരുന്നു..ഇപ്പൊ വയ്യ കിടപ്പിലാണ്…” “ആ ടീച്ചറെ കല്യാണം കഴിച്ചിട്ടില്ല അല്ലെ… ഞങ്ങളൊക്കെ ഫ്രീ ആട്ടോ”… ടീച്ചർ വെറും ലേഖ അല്ല ഞങ്ങളുടെ ശ്രീ ലേഖ ആണ്..ഹ ഹ …എത്ര വയസ്സായി? ..പ്രണയം ഉണ്ടോ ? ..സുന്ദരി ആണല്ലോ ..സാരി കൊള്ളാം.. അങ്ങനെ ഒരുപാട് കമന്റ്സ്…കേട്ടു ചിരിക്കുന്ന പെൺകുട്ടികൾ.. ആൺ കുട്ടികളെയും പെൺകുട്ടികളെയും തിരിച്ചറിയാൻ വയ്യാത്ത വിധം വേഷങ്ങളും … മുടി നീട്ടി വളർത്തി ഭ്രാന്തന്മാരെ പോലെ ഭൂരിഭാഗവും…. വയ്യ..എനിക്കിവിടെ പറ്റില്ല..തിരിച്ചു സ്റ്റാഫ് റൂമിൽ എത്തിയ എന്റെ മുഖം കണ്ടു പലർക്കും കാര്യം മനസ്സിലായി… സാരമില്ല..ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്.. ഒന്നും ശ്രദ്ധിക്കാൻ പോണ്ട.. ആർക്കും വേണ്ടാത്ത കുറെ എണ്ണങ്ങൾ ആണ്.. മറ്റൊരു വിഷയവും കിട്ടാത്തത് കൊണ്ട് ഒരു ബിരുദം നേടാൻ മലയാളം എടുക്കുന്നു… അല്ലാതെ ഭാഷയോട് സ്നേഹം ഉള്ളത് കൊണ്ടൊന്നും അല്ല… ദിവസങ്ങൾ കഴിഞ്ഞു..കമന്റ്സ് ഇപ്പോൾ ഒരു പുതുമ അല്ല.. എല്ലാം ചിരിച്ചു കൊണ്ട്നേരിടും.. അങ്ങനെ ഇപ്പൊ അത് മെല്ലെ കുറഞ്ഞു തുടങ്ങിയിരിക്കുന്നു.. എന്തോ ഞാൻ ആ ക്ളാസ്സിനെ അറിയാതെ സ്നേഹിച്ചു തുടങ്ങിയത് പോലെ..പലരും ക്ളാസിൽ ശ്രദ്ധിക്കുന്നു.. ആരും കട്ടു ചെയ്യുന്നില്ല.. നൊമ്പരപ്പെടുത്തുന്ന പാഠഭാഗങ്ങളിൽ, മാതൃത്വത്തെ വർണ്ണിക്കുന്ന ഇടങ്ങളിൽ ആരും ഇപ്പൊ ഒന്നും പറയുന്നില്ല.. പല “മുടിയൻ” മാരുടെയും കണ്ണുകൾ ഈറൻ അണിഞ്ഞിരിക്കുന്നു.. വലിയ വലിയ കമന്റ് ഇട്ട പല വീരൻമ്മാരും ആരും കാണാതെ കണ്ണുനീർ തുടച്ചു കളയുന്നു.. ക്ളാസ് കഴിഞ്ഞതും എല്ലാവരും കൂടെ എന്നെ വളഞ്ഞു… മുഖങ്ങളിൽ എല്ലാം വല്ലാത്ത പശ്ചാത്താപം പോലെ… “ടീച്ചർ..” എന്നെ എപ്പോഴും ശ്രീ എന്നു വിളിക്കുന്ന മനോജ് ആണ് .. “എന്താ മനോജേ എന്ത് പറ്റി ? ശ്രീ മാറ്റിയോ ? ശ്രീ എന്നു വെച്ചാൽ ഐശ്വര്യം എന്നല്ലേ… എനിക്കിഷ്ട്ടം ആണ് ആ വിളി .. “ടീച്ചർ ഞങ്ങളോട് ക്ഷമിക്കണം… ഒരമ്മയുടെയോ സഹോദരിയുടെയോ സ്നേഹം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല.. ഞങ്ങൾ ചേരി പിള്ളേരാ ടീച്ചറെ..പലർക്കും അമ്മയില്ല..ഉണ്ടെങ്കിൽ തന്നെ അവരൊക്കെ ചെറുപ്പത്തിലേ ഞങ്ങളെ ഉപേക്ഷിച്ചതാ.. പേരിനു പലർക്കും ‘അമ്മ ഉണ്ട്..പക്ഷെ പറയാൻ മാത്രം ഉള്ള വെറും വാക്കു മാത്രാ അത്..ടീച്ചർ ആ കവിത വിവരിച്ചപ്പോ സത്യത്തിൽ ഞങ്ങൾക്കങ്ങനെ ഒരമ്മ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിപോയി.. ക്ളാസ് കഴിഞ്ഞാ ഞങ്ങളൊക്കെ രാത്രി തട്ടുകട ജോലിക്കാരാ, ദേ ഇവൻ നന്നായി വരക്കും,ദാ ആ കുട്ടൂസ് നന്നായി കവിത ചൊല്ലും,രാജേഷ് നന്നായി എഴുതും.. എല്ലാം കഴിഞ്ഞു രാത്രിയിൽ ഞങ്ങൾ ഒത്തു കൂടും…. അറിയാതെ കുറെ ചീത്ത ശീലങ്ങളും കൂടെ കിട്ടി… വലിക്കും, കുടിക്കും,, ആരും ഇല്ല ടീച്ചറെ ഞങ്ങൾക്ക്, ഉപദേശിക്കാനും, നല്ലത് പറയാനും ഒന്നും… എന്ത് നല്ലതു ചെയ്താലും ഒരു നല്ല.വാക്ക്.. അതില്ല..ഇന്നാൾ ഒരു ദിവസം ടീച്ചറ്രാജേഷിന്റെ ബുക്ക് എടുത്തിട്ട് അതിലെ അവൻ എഴുതിയ ഒരു കവിതയ്ക്ക് അടിയിൽ ഒരു കുറിപ്പെഴുതി കൊടുത്തില്ലേ.. അങ്ങനെ ഒരുഅഭിനന്ദനം അവനു ആദ്യം ആയിട്ടാ കിട്ടുന്നെ..രാത്രി ആ ബുക്കും കെട്ടിപ്പിടിച്ചു കൊണ്ടാ അവൻ അന്ന് ഉറങ്ങിയത്.. രാവിലെ എണീറ്റപ്പോൾ ഒരു കവിത..ടീച്ചറെ വർണ്ണിച്ചു കൊണ്ട്.. അതിൽ ടീച്ചർ അവന്റെ അമ്മയും,ചേച്ചിയും അങ്ങനെ ആരൊക്കെയോ ആണ്..അവനു മാത്രം അല്ല.. ഞങ്ങൾക്കെല്ലാവർക്കും..ദേ ഈ മുടിയനെ കണ്ടോ..ഇവന്റെ മുഖത്തു ഈ പാട് എന്താന്നറിയോ..ഇന്നലെ ക്ളാസ് എടുത്തോണ്ടിരുന്നപ്പോ പുറത്തൂടെ പോയ പിള്ളേർടീച്ചറെ കമന്റടിച്ചില്ലേ.. അവന്മ്മാരെ പോയി ഇടിച്ചതാ.. ഇനി ആരും ഞങ്ങടെ ടീച്ചറെ ഒന്നും പറയില്ല..ചീത്ത ശീലം ഒക്കെ കളഞ്ഞു ഞങ്ങൾ പഠിച്ചോളാം.. ടീച്ചറുടെ കുഞ്ഞനിയന്മ്മാരായി… ആദ്യം ആയാണ് എന്റെ ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം.. കയ്യിലിരുന്ന തൂവാല കണ്ണുനീർ കൊണ്ട് നനഞ്ഞു കുതിർന്നു… ഹൃദയം നിറഞ്ഞ ഒരു അനുഭവം.. എനിക്കിപ്പോ ഒരുപാട് പേർ കൂടെ ഉള്ള പോലെ..ഭാവിയിലേക്ക് നോക്കുമ്പോ ഒരു ആത്മവിശ്വാസം… സ്റ്റാഫ് റൂമിൽ ചെന്നപ്പോ ആ പഴയ ചോദ്യം.. പിള്ളേർ കുഴപ്പം ഉണ്ടാക്കിയോ എന്നു.. ഞാൻ ചിരിച്ചു..ഉള്ളിൽ പറഞ്ഞു…ഇല്ല.. .അവർ ഒരിക്കലും ഇനി ഒരു കുഴപ്പവും ഉണ്ടാക്കില്ല..എന്റെ നല്ല കുട്ടികൾ ആണവർ….. എല്ലാം കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷം.. നാളെ എന്റെ വിവാഹം ആണ്.. ക്ളാസ്സിലെ ഒരു പാവം പയ്യൻ അവന്റെ ഏട്ടത്തി അമ്മയായി എന്നെ അവന്റെ വീട്ടിലേക്കു ക്ഷണിച്ചു.. ഏട്ടൻ ഒരു ഗവണ്മെന്റ് ഓഫീസിലെ പ്യൂൺ ആണ്..വീട്ടിൽ വന്നു ചോദിച്ചു…അച്ഛനും സന്തോഷം.. അവർക്കു മറ്റൊന്നും വേണ്ട.. എന്നെ മാത്രം മതി.. നാളത്തെ എന്റെ കല്യാണ കാർ ഏതാ എന്നറിയോ..ബെൻസ് ആണെന്ന്…അത് മറ്റൊരു വിദ്യാർത്ഥിയുടെ വണ്ടി.. ടീച്ചർ അതിൽ പോയാ മതിയെന്ന് അവനു നിർബന്ധം.. കുറച്ചു മുൻപ് നമ്മുടെ മുടിയൻ വന്നു..ഒരു നല്ല കുട്ടി ആയിട്ട്..പണ്ട് ഞാൻ അവനോടു പറയാറുണ്ടായിരുന്നു…മുടി ഒക്കെ വെട്ടി നല്ല കോലത്തിൽ നടക്കാൻ.. വർഷങ്ങൾ ആയി പരിപാലിച്ചു കൊണ്ട് നടന്നതാ..എന്തിനാ അത് വെട്ടിയെ എന്നു ചോദിച്ചപ്പോ കയ്യിൽ വെച്ചിരുന്ന ഒരു പൊതി നീട്ടി.. ഒരു മൂക്കുത്തി.. എന്റെ ടീച്ചർ ഇതിട്ടാൽ നല്ലോണം സുന്ദരി ആവും..മുടി വെട്ടുന്ന കാര്യം ഒരാളോട് പന്തയം വെച്ചു, അയാളുടെ വെല്ലുവിളി ഏറ്റെടുത്തു വിജയിച്ചു ആ പണം കൊണ്ട് വാങ്ങിയതാണത്രേ.. ദാ നോക്കു..അവിടെ എല്ലാവരും കൂടെ സദ്യ ഒരുക്കൽ ആണ്… പന്തലും കസേരയും അങ്ങനെ എല്ലാം… എല്ലാം അവരുടെ കൈകളിൽ ഭദ്രം… ഒന്നും ഞാൻ അറിഞ്ഞിട്ടില്ല.. കഴുത്തു മാത്രം നീട്ടി കൊടുത്താ മതി ഇനി… ആ ഗ്ലാസ്സിലേക്കു നോക്കി ആരും സംശയിക്കണ്ടാട്ടൊ …. അത് കട്ടൻ ചായ ആണ്..എന്റെ കുട്ടികൾ ഇനി മദ്യപിക്കുകയോ പുക വലിക്കുകയോ ഇല്ല.. ഓ..കഥ പറഞ്ഞു നേരം പോയതറിഞ്ഞില്ല.. മനോജ് വരുന്നുണ്ട്.. ഒരു ചിരട്ടയിൽ ഗോതമ്പ് പായസവും ആയി. അവർ ഉണ്ടാക്കിയതാ. അത് കുടിച്ചൊന്നു മയങ്ങട്ടെ… നാളെ വിവാഹം അല്ലെ…എന്നെയും എന്റെ ഈ നല്ല കുട്ടികളെയും അനുഗ്രഹിക്കുമല്ലോ…. അതെ ഇതൊരു ധാരണയുടെ കഥ ആണ്… എന്റെ തെറ്റിദ്ധാരണയുടെ കഥ…. സ്നേഹത്തോടെ…. ലേഖ… NB ;പുറം മോടി കൊണ്ട് ആരെയും അളക്കരുതെന്ന ആ പഴയ വാചകം ഇവിടെ ആവർത്തിക്കുന്നു.. ചീത്ത എന്നു പറഞ്ഞു നമ്മൾ ഉപേക്ഷിക്കുന്ന പലതും നമുക്ക് പിന്നീട് ഒരിക്കലെങ്കിലും ഗുണം ചെയ്തേക്കാം… നല്ലതിനെ നല്ലത് എന്നു പറഞ്ഞു അഭിനന്ദിക്കുന്നതിൽ നമ്മൾ മടി കാണിക്കരുത്.. പവിത്രമായ ഗുരു ശിഷ്യ ബന്ധങ്ങൾ ഇപ്പോഴും പല ഇടങ്ങളിലും ഉണ്ട്..എല്ലാ നല്ല ഗുരുക്കന്മാർക്കും വിദ്യാർത്ഥികൾക്കും സമർപ്പിക്കുന്നു….
viral stuff
കോളേജ് ലെ ആദ്യ ദിനം അല്ലേ വയർ ഒരൽപ്പം പോലും കാണാൻ പറ്റരുത് സാരിയിൽ കുത്താവുന്ന ഇടത്തൊക്കെ പിൻ കുത്തി.
January 02, 2018
No Comments
0 comments:
Post a Comment