കല്യാണം കഴിഞ്ഞതിന്റെ മൂന്നാമത്തെദിവസം മുതൽ കിട്ടുന്നതാണ് സതീശന് ചോറുണ്ണുമ്പോൾ ഒരു മുടി

കല്യാണം കഴിഞ്ഞതിന്റെ മൂന്നാമത്തെ ദിവസം മുതൽ കിട്ടുന്നതാണ് സതീശന് ചോറുണ്ണുമ്പോൾ ഒരു മുടി… ഇപ്പോൾ അടുപ്പിച്ചു എല്ലാ ദിവസവും കിട്ടുന്നു.. ഇന്നലെ രാവിലത്തെ ചായക്ക് പുട്ടിന്റെ ഒപ്പമായിരുന്നെങ്കിൽ ഇന്നിതാ ഉച്ചയ്ക്ക് ഊണിന്റെ കൂടെ സാമ്പാറിലെ മുരിങ്ങാക്കോലിൽ… ഭക്ഷണത്തിൽ അൽപ്പം വൃത്തിക്കാരനായ സതീശന് പതിവായി കിട്ടുന്ന ഈ മുടി ഒരു തലവേദന ആയി മാറിയിരിക്കുന്നു…  ആദ്യം സതീശൻ കരുതിയിരുന്നത് മുരിങ്ങാക്കോലിലെ നാരായിരിക്കുമെന്നാണ്… പിന്നെ സൂക്ഷിച്ചു നോക്കുമ്പോൾ അതെ മുടി തന്നെ,നീണ്ട കറുത്ത മുടി.. സതീശൻ മെല്ലെ ചോറുണ്ണല് നിർത്തി അടുക്കളയിലേക്കു നോക്കി.. അടുക്കളയുടെ ഒരു മൂലയിലായി തന്റെ ഭാര്യ ഇന്ദു പപ്പടം കാച്ചുന്നു.. ഇങ്ങേ മൂലയിൽ അമ്മ തേങ്ങാ ചിരകുന്നു.. സതീശൻ ഒരു നിമിഷം ഒന്നാലോചിച്ചു.. ഇവരിൽ ആരുടെ മുടിയാണ് എന്നും പുട്ടിന്റെ കൂടെയും മുരിങ്ങാക്കോലിൽ അള്ളി പിടിച്ചും എന്റെ പ്ലേറ്റിലേക്കായി എത്തുന്നത്‌..  സതീശൻ ഒന്ന് കൂടിയൊന്നു ഗഹനമായി ചിന്തിച്ചു.. വേണ്ട ഇപ്പൊ ഈ മുടി കാര്യം ഇവരോട് ചോദിക്കണ്ട.. അമ്മയോട് ചോദിച്ചാൽ കൊഴിയുന്നത് നിന്റെ പെണ്ണുമ്പിള്ളയുടെ മുടിയാണെന്നു പറയും.. ഇനി ഇന്ദുവാണെൽ കൊഴിയുന്നത് നിങ്ങടെ അമ്മയുടെ മുടിയാണെന്നും പറയും.. ഇനി രണ്ടന്നെത്തിന്റെയും മുടി കൊഴിയുന്നുണ്ടോ.. അമ്മയുടെ മുടിയിൽ നേരിയ നര ബാധിച്ചു തുടങ്ങിയിട്ടുണ്ട് അന്നാൽ ഉള്ളു മൊത്തം ഇപ്പോഴും കറുപ്പ് തന്നെ.. ഒരു പാട് ചിന്തിച്ചു കൂട്ടി ഊണ് കഴിച്ചെന്നു വരുത്തി സതീശൻ എഴുന്നേറ്റു.. അയ്യോ എന്താ ഇത് സതീശേട്ടാ മൊത്തം കഴിച്ചില്ലല്ലോ.. ഇന്ദുവിന്റെ വക ചോദ്യം..  ഇന്നു വിശപ്പ്‌ തീരെ ഇല്ല ഇന്ദു.. അവനാ സാമ്പാറു അങ്ങോട്‌ ഒഴിച്ച് കൊടുക്ക്‌ മോളെ.. അവനു മുരിങ്ങക്കായ ജീവനല്ലേ.. ഇനി മുരിങ്ങക്കായ ഈ വീട്ടിന്ന് എന്റെ പട്ടി തിന്നും.. സതീശൻ മനസ്സിൽ പറഞു.. അതൊന്നും അല്ല ഏട്ടൻ വല്ലതും പുറത്തു നിന്നും വല്ലതും കഴിച്ചിട്ടുണ്ടാകും ഇന്ദുവേടത്തി.. സതീശന്റെ പെങ്ങൾ രമ മറ്റൊരു പ്രസ്താവനയുമായി അടുക്കളയിലെത്തി.. ഓ നീ ഇവിടെ ഉണ്ടായിരുന്നോ.. നിനക്കു എന്നാണ് പെണ്ണെ പരീക്ഷ.. നാളെ ആണ് ചേട്ടാ..  ഇവിടെ നിന്നും കറങ്ങി തിരിയാതെ പോയിരുന്നു പഠിക്കു പെണ്ണെ.. സതീശൻ ഊണ് കഴിഞ്ഞു സൈക്കിളെടുത് കടയിലേക്ക് തിരിച്ചതും.. സതീശേട്ടാ.. പുറകിൽ നിന്നും രമയുടെ വിളി.. ഉം.. എന്താ.. വരുമ്പോഴേ എനിക്കൊരു ബോട്ടിൽ ധാത്രി മേടിച്ചോണ്ട് വരണേ ഏട്ടാ.. ധാത്രിയോ അതെന്ത് സാധനം.. ഓ ഈ ഏട്ടന്റെ ഒരു കാര്യം.. ഇതൊന്നും അറിയില്ലേ.. മനുഷ്യനായാൽ കുറച്ചൊക്കെ ലോക വിവരം വേണം.. ഓ എനിക്കു ഇത്രേം വിവരമൊക്കെ മതി.. പകരം എന്റെ മോളുടെ വിവരം കൂടുന്നുണ്ടല്ലോ.. അപ്പൊ വൈകിട്ട് വാങ്ങിട്ടു വന്നട്ടോ..  എന്താ നീ അതിന്റെ പേര് പറഞ്ഞെ.. ധാത്രി.. മുടികൊഴിച്ചിലിനുള്ളത് എന്ന് ദിവാകരേട്ടനോട് പറഞ്ഞാ മതി പുള്ളിക്കറിയാം.. ഇത് പറഞ്ഞു രമ അകത്തേക്ക് പോയതും.. സതീശൻ വീണ്ടും ചിന്തയിലാണ്ടു.. ഇനി ഒരുപക്ഷേ ഇവളുടെ മുടിയാണോ മുരിങ്ങാക്കോലിൽ നിന്നും കിട്ടിയത്.. എയ്യ് അതിനു ഈ പെണ്ണ് അടുക്കളയിൽ കേറാറില്ലല്ലോ.. ഇനി വല്ലതും കയ്യിട്ടു അളിച്ചു വാരി തിന്നാൻ അടുക്കളയിൽ കേറിയപ്പോ അവിടെ വീണതാവോ.. വൈകിട്ട് രമ പറഞ്ഞ സാധനവും കൊണ്ടാണ് സതീശൻ വീട്ടിലേക്കെത്തിയത്..  സതീശനെ കണ്ടതും ഉമ്മറത്തിരുന്നു നാമം ജപിച്ചു കൊണ്ടിരുന്ന ഇന്ദു എഴുന്നേറ്റു.. അല്ല എന്താ കയ്യിലൊരു പൊതി.. അത്.. ജാത്രിയ.. ജാത്രിയോ ? ഇങ്ങ് തന്നെ.. ഞാനൊന്നു നോക്കട്ടെ മനുഷ്യ.. ഇന്ദു സതീശന്റെ കയ്യിൽ നിന്നും. പൊതി വാങ്ങി അഴിച്ചു നോക്കി.. ങ്ങേ .. ധാത്രിയോ.. സതീശേട്ടന് എങ്ങനെ മനസിലായി എന്റെ മുടി കൊഴിയുന്നെണ്ടെന്നു… അല്ലിന്ധു ഞാനിതു രമക്കു വേണ്ടി വാങ്ങിയതാ… ആഹാ.. രമക്കാ ഇത്.. എങ്കിലേ അവൾക്കു ഏട്ടൻ വേറൊന്നു മേടിച്ചോട്ടട്ടോ, ഇതേ ഞാനെടുക്കാ.. ഓ അപ്പൊ ഇവൾക്കും മുടി കൊഴിച്ചിലുണ്ട്… സതീശാ വേഗം കുളിച്ചു വന്നോളു ഊണെടുത്തു വെക്കാം..  അടുക്കളയിൽ നിന്നും അമ്മ നീട്ടി വിളിച്ചു… കുളി മുറിയിൽ കയറി സതീശൻ ചന്ദ്രിക സോപ്പെടുത്തു മേല് തേക്കാൻ നോക്കിയതും… ഒരു പത്തിരുപതു മുടിയിഴകൾ സോപ്പിലാകെ ചുറ്റിയിരിക്കുന്നു… അറപ്പോടെ സതീശൻ ഓരോ മുടിയിഴകളെയും സോപ്പിൽ നിന്നും ഊരിയെടുത്തു… സോപ്പിൽ പാടുകൾ മാത്രം ബാക്കിയായപ്പോൾ സതീശൻ കുളി തുടങ്ങി… കുളി കഴിഞ്ഞു തെല്ലൊരു ഭയത്തോടെ ആണ് സതീശൻ ഊണ് കഴിക്കാനായി ഇരുന്നത്… ഇന്ദു ചോറും കറിയും വിളമ്പി.. സതീശൻ ഓരോ അരിമണിയും തന്റെ ബൾബ് പോലത്തെ കണ്ണു ലെൻസാക്കി നോക്കി കൊണ്ടിരുന്നു.. ഇല്ല വല്ല്യ കുഴപ്പമില്ല..  അവിയൽ വായിലേക്ക് വച്ചതും.. നാക്കിനടിയിൽ എന്തോ ഇഴയുന്നത് പോലെ സതീശന് തോന്നി… മെല്ലെ കൈകൊണ്ട് വലിച്ചുരി നോക്കിയപ്പോൾ കണ്ടത്… ലൈറ്റിന്റെ വെളിച്ചത്തിൽ മിന്നി തെളിയുന്നൊരു നീണ്ട മുടി… സോപ്പിൽ കണ്ട മുടി മുഴുവനും ചോറിൽ കിടന്നു മറയുന്നത് പോലെ സതീശന് തോന്നി… സകല നിയന്ത്രണവും വിട്ട സതീശൻ ഒരലർച്ചയോടെ പാത്രം തട്ടി തെറിപ്പിച്ചു.. സതീശേട്ടാ എന്താ എന്നും ചോദിച്ചു ഇന്ദു ഓടിയെത്തി.. അമ്മയും രമയും ഒപ്പമെത്തി… ഈ വീട്ടിൽ നിന്നും മനുഷ്യന് എന്തെങ്കിലും കഴിക്കാൻ പറ്റുമോ..  എന്ത്‌ പറ്റി മോനെ… എന്ത്‌ പറ്റിയെന്നു….മൂന്നെണ്ണത്തിന്റെയും തലയിലെ മുടി മുഴുവനും ദേ ഈ പ്ലേറ്റിലുണ്ട്… അതിനാണോ സതീശേട്ടാ.. ഒരു ചെറിയ മുടി കിട്ടിയതിനാണോ ഇത്ര ബഹളം വെക്കുന്നെ.. ചെറിയ മുടിയോ… ഇന്നേക്ക് മൂന്നു ദിവസമായി എന്ത്‌ ഈ വീട്ടിന്ന് കഴിച്ചാലും അതിലൊരു മുടി… നിന്റെയൊക്കെ മുടി തിന്നാൻ അല്ല ഞാൻ ഇവിടെ ഇരിക്കുന്നത്.. ഇന്നുച്ചക്കോ ഒന്നും മര്യാദക്ക് കഴിക്കാൻ പറ്റിയില്ല.. പ്ലേറ്റില് മുടി, സോപ്പില് മുടി,വീട് മൊത്തം മുടി.. മൂന്നെണ്ണത്തിനെയും പഴനിക്ക് കൊണ്ടുപോയി ഞാൻ തല മൊട്ടയടിക്കും .. എന്തെങ്കിലും കഴിക്കണമെങ്കിൽ പുറത്തു പോകേണ്ട അവസ്ഥ ആയല്ലോ… അടുത്തു കിടന്നൊരു കസേര സർവ ശക്തിയുമെടുത് തന്റെ വലതു കാലുകൊണ്ട് തൊഴിച്ചു സതീശൻ വീട്ടിൽ നിന്നും ഇറങ്ങി പോയി…  ഒരു നിമിഷത്തേക്ക് തരിച്ചു നിന്ന അമ്മയും ഇന്ദുവും കണ്ണു നീർ പൊഴിച്ചു അവരുടെ മുറികളിലേക്ക് പോയി.. രമ സതീശൻ തട്ടിത്തെറിപ്പിച്ച ചോറും കറികളും തുടച്ചു കൊണ്ടിരുന്നു… അരണ്ട നിലാവെളിച്ചത്തിൽ സതീശൻ സൈക്കിളുമെടുത് ടൌണിലെ കുക്കൂസ് ഹോട്ടലിലേക്ക് പാഞ്ഞു.. കുക്കൂസ് ഹോട്ടലിൽ നിന്നും ഒരു ഫുൾ ചിക്കെൻ ഭിരിയാണിയും അടിച്ചു ഏമ്പക്കവും വിട്ടു സതീശൻ സൈക്കിളിൽ കയറവെ ആണ് പലചരക്കു കടയിലെ ദിവാകരേട്ടൻ സതീശനെ കൈകൊട്ടി വിളിച്ചത്.. സൈക്കിൾ അവിടെ വച്ചു ദിവാകരേട്ടന്റെ കടയിലേക്ക് സതീശൻ കയറിയതും..  ഡാ മോനെ സതീശാ.. നീ മിനിഞ്ഞാന്ന് ഇവിടുന്നു കൊണ്ടോയ അരിയിലെന്തെങ്കിലും കുഴപ്പൊണ്ടായോ…. ഇല്ലല്ലോ.. ദിവാകരേട്ടാ.. എന്ത്യേ.. അല്ലേട ഉവേ.. നീ കൊണ്ടോയ ആ അരി ഇവിടുന്നു കൊണ്ട് പോയവരെല്ലാം അതിൽ മുടിയാണ് പുഴുവാണ് എന്നും പറഞ്ഞു ഇവിടെ കൊണ്ട് ഇട്ടിട്ടു പോയെ അതാ നിന്നോടും ചോദിച്ചേ.. എന്താ മുടിയോ.. അപ്പൊ അത്.. എന്തെടാ നിന്റെ വീട്ടിലും കിട്ടിയോ മുടി.. ഒന്നും മിണ്ടാതെ ദിവാകരേട്ടന്റെ കടയിൽ നിന്നും ഇറങ്ങുമ്പോൾ സതീശന്റെ ചങ്കൊന്നു പിടഞ്ഞു… ഒന്നുമറിയാത്ത കാര്യത്തിന് ഛെ.. ഒന്നും വേണ്ടായിരുന്നു..  സതീശൻ വേഗം കുക്കൂസ് ഹോട്ടലിൽ കയറി മൂന്നു ഫുൾ ചിക്കെൻ ഭിരിയാണിക്ക് ഓർഡർ കൊടുത്തു.. കുക്കൂസ് ഹോട്ടലിലെ പാചകക്കാരൻ അവറാൻ ചേട്ടൻ അപ്പോൾ ഹോട്ടലിലെ അടുക്കളയിൽ ബിരിയാണി ചെമ്പിൽ വീണ തന്റെ ഒരു കെട്ടു ദിനേശ് ബീഡി കൈ കൊണ്ട് തപ്പുകയായിരുന്നു… (NB: അരിയിലെ മുടി തികച്ചും സാങ്കല്പികം മാത്രം ) Aneesh pt

0 comments:

Post a Comment