കേട്ടാല്‍ ചിരിക്കണോ അതോ ഞെട്ടണോ എന്ന് ആര്‍ക്കും സംശയം തോന്നിപ്പോകും; ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ വില്ലനായത് ബിരിയാണി

വാറങ്കല്‍: ചട്ടിയും കലവുമാകുമ്പോള്‍ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലുണ്ടാകുന്ന സൗന്ദര്യപ്പിണക്കങ്ങളും അത്തരത്തിലുള്ളവയാവും. എന്നാൽ ഇവിടെ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ വില്ലനായത് അമ്മായിഅമ്മയോ നാത്തൂനോ ഒന്നുമല്ല. ബിരിയാണിയാണ് ആ വില്ലന്‍!  തെലങ്കാനയിലെ വാറങ്കലിലെ വീട്ടില്‍ സംഭവിച്ചത് ഇങ്ങനെയാണ്.. രാജേന്ദ്ര പ്രസാദ് എന്നയാള്‍ ഭാര്യ മാനസയെ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ചവിട്ടിപ്പുറത്താക്കി. തനിക്ക് ഇഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കി നല്‍കിയില്ല എന്നതാണ് ഭാര്യയെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ ഇയാള്‍ക്കുള്ള കാരണം.  തെലങ്കാനയിലെ വാറങ്കലില്‍ ആണ് സംഭവം. കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് രാജേന്ദ്ര പ്രസാദ്. മാനസ വീടിന് പുറത്ത് നിരാഹാരമിരുന്നു. പക്ഷേ രാജേന്ദ്ര പ്രസാദിന്റെ മനസ്സ് അലിഞ്ഞില്ല. ബിരിയാണി പാചകം ചെയ്യാന്‍ അറിയില്ല എങ്കില്‍ വീട്ടില്‍ സ്ഥാനമില്ല എന്നതാണ് ഇയാളുടെ വാശി.  മാനസയുടെ അവസ്ഥ കണ്ട് അയല്‍ക്കാരികളും സ്ത്രീ സംഘടനാ പ്രവര്‍ത്തകരുമെല്ലാം വിഷയത്തില്‍ ഇടപെട്ടു. രാജേന്ദ്രയ്‌ക്കെതിരെ മാനസയെക്കൊണ്ട് പോലീസില്‍ പരാതിയും കൊടുപ്പിച്ചു. നേരത്തെയും ബിരിയാണിയുടെ പേരില്‍ ഇയാള്‍ മാനസയെ വീട്ടില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.  ഈ വര്‍ഷമാദ്യം ജനുവരിയില്‍ ആയിരുന്നു അത്. അന്ന് വീട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. മാനസ വീണ്ടും രാജേന്ദ്ര പ്രസാദിനൊപ്പം വീട്ടില്‍ തുടര്‍ന്നു. കഴിഞ്ഞ ദിവസം വീണ്ടും ബിരിയാണി വില്ലനാവുകയായിരുന്നു. സംഭവ ദിവസം രാജേന്ദ്ര പ്രസാദ് മദ്യപിച്ചാണ് വീട്ടിലെത്തിയത്.  മാനസയോട് ഇയാള്‍ ബിരിയാണി ഉണ്ടാക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിടുകയും മാനസയെ ഇയാള്‍ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു രാജേന്ദ്ര പ്രസാദ് മാനസയെ വിവാഹം ചെയ്തത്.  രാജേന്ദ്ര പ്രസാദ് കടുത്ത മദ്യപാനിയാണെന്ന് മാനസ പറയുന്നു. മദ്യപിച്ച് വീട്ടില്‍ വന്ന് ബിരിയാണി ഉണ്ടാക്കി നല്‍കാന്‍ പറയുക പതിവാണ്. എന്നാല്‍ താന്‍ അത്ര മികച്ച പാചകക്കാരിയല്ല. അതുകൊണ്ട് തന്നെ രാജേന്ദ്ര പ്രസാദിനെ തൃപ്തിപ്പെടുത്താന്‍ സാധിക്കാറുമില്ല.  അക്കാരണം കൊണ്ട് തനിക്ക് വലിയ അപമാനമാണ് സഹിക്കേണ്ടി വരുന്നതെന്ന് മാനസ പറയുന്നു. ബിരിയാണി മാത്രമല്ല, സ്ത്രീധനം ചോദിച്ചും തന്നെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ മാനസ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നപരിഹാരത്തിന് പോലീസ് മധ്യസ്ഥം വഹിക്കാന്‍ ശ്രമിച്ചുവെങ്കിലും രാജേന്ദ്ര പ്രസാദും കുടുംബവും വഴങ്ങിയില്ല. ഇതോടെ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തിരിക്കുകയാണ്.

0 comments:

Post a Comment