മാതാവിനും സഹോദരിക്കും പിന്നാലെ ഏകാന്തജീവിതത്തിന് വിരാമമിട്ട് ഒടുവില്‍ അലി റാസ രാജകുമാരനും വിട പറഞ്ഞതോടെ മാല്‍ചാമഹല്‍ വീണ്ടും അനാഥമായി. ജീവിതത്തില്‍ ഏകനായിപ്പോയ അവാധ് രാജകുമാരന്‍ അലി റാസ സെപ്തംബറില്‍ ആരുമറിയാതെ മരണത്തിന് കീഴടങ്ങിയതോടെ അനേകം കെട്ടുകഥകള്‍ നിറഞ്ഞ 30 വര്‍ഷം നീണ്ട ഒരു അധ്യായത്തിനാണ് ഒടുവില്‍ തിരശ്ശീല വീണത്. അവാധിലെ നവാബ് വാജിദ് അലി ഷായുടെ പിന്‍തുടര്‍ച്ചാവകാശികളാണ് തങ്ങളെന്ന അവകാശവാദം മുഴക്കി രംഗത്ത് വന്ന 1970 കളിലാണ് റാസയും സഹോദരി സകിനയും മാതാവ് വിലായത്ത് മഹലും വാര്‍ത്തകളില്‍ നിറഞ്ഞത്. രണ്ടു മക്കളും വേട്ടനായയും ഏതാനും പരിചാരകരുമായി ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ ഫസ്റ്റ്ക്‌ളാസ്സ് വെയ്റ്റിംഗ് ലോഞ്ചില്‍ വന്ന മഹല്‍ തങ്ങള്‍ക്ക് തലചായ്ക്കാന്‍ കൊട്ടാരം വേണമെന്നാണ് ആവശ്യപ്പെട്ടത്. 1856 ല്‍ നവാബ് മരിച്ചതിന് പിന്നാലെ തങ്ങളുടെ മുഴുവന്‍ വസ്തു വകകളും ബ്രിട്ടീഷുകാര്‍ കൊണ്ടുപോയതിന് ഇന്ത്യന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. മഹലിന്റെ ഈ വെളിപ്പെടുത്തല്‍ വന്‍ മാധ്യമശ്രദ്ധയാണ് അക്കാലത്ത് ഉണ്ടാക്കിയത്. തുടര്‍ന്ന് ഇവര്‍ക്ക് ലക്‌നൗവ്വില്‍ തന്നെ അധികൃതര്‍ ഒരു വീട് സംഘടിപ്പിച്ചു നല്‍കിയെങ്കിലും ഇത് നിരസിച്ച അവര്‍ ലക്‌നൗവിലേക്ക് പോകാന്‍ വിസമ്മതിക്കുകയും ഡല്‍ഹിയില്‍ തന്നെ പകരം സൗകര്യം ഒരുക്കാനും ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പോകാന്‍ വിസമ്മതിച്ചു. സഹായിക്കണമെന്ന അപേക്ഷിച്ച അവര്‍ ഇല്ലെങ്കില്‍ മുന്‍ഗാമികള്‍ ചെയ്ത പോലെ വിഷം കഴിച്ചു മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ ഡല്‍ഹി ഭരണകൂടം പിന്നീട് ഡിഡിഎ ഫ്‌ളാറ്റ് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഒരു കൊട്ടാരത്തില്‍ കവിഞ്ഞതൊന്നും അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഒടുവില്‍ 14 ാം നൂറ്റാണ്ടിലെ സുല്‍ത്താന്‍ ഫിറോസ്ഷാ തുഗ്‌ളക്ക് പണി കഴിപ്പിച്ചതെന്ന് കരുതുന്ന ഡല്‍ഹിയിലെ ല്യൂട്ടന്‍സിലെ മാല്‍ച്ചാ മഹല്‍ എന്നറിയപ്പെടുന്ന കൊട്ടാരം അനുവദിച്ചു. ഇവിടെ കുട്ടികള്‍ക്കും പരിചാരകര്‍ക്കും നായയ്ക്കുമൊപ്പം എത്തിയ മഹലിന്റെ കുടുംബം അലിറാസ മരിക്കുന്നത് വരെ അവിടെ തുടര്‍ന്നു. എന്നിരുന്നാലും പൊതുസമൂഹത്തില്‍ നിന്നും അകന്നു നിന്നുള്ള ഒരു ജീവിതമാണ് തുടക്കം മുതല്‍ അവര്‍ സ്വീകരിച്ചിരുന്നത്. കൊട്ടാരത്തിന്റെ ഏഴയല്‍പക്കത്ത് പോലും ആരും വരാന്‍ അനുവദിച്ചില്ല. ആരെങ്കിലും അതിക്രമിച്ചു കടന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ബോര്‍ഡും തൂക്കിയിരുന്നു. മറ്റുള്ളവര്‍ കടക്കാതിരിക്കാന്‍ അനേകം നായകളെയും നിയോഗിച്ചു. ഏകാന്ത ജീവിതത്തിലും ദുരിതം ഒഴിയാത്ത ജീവിതമായിരുന്നു. വെള്ളവും വെളിച്ചവും ഇല്ലായിരുന്നു. റിപ്പയര്‍ ചെയ്യാന്‍ കുടുംബം അനേകം തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും മഹല്‍ ആത്മഹത്യ ചെയ്ത 1993 സെപ്തംബര്‍ 10 വരെ ഒന്നും നടന്നില്ല. ഇതിന് പിന്നാലെ കുട്ടികള്‍ കടുത്ത വിഷാദത്തിലേക്ക് വീണുപോയി. നാലു വര്‍ഷം മുമ്പ് സകീന കൂടി മരിച്ചതോടെ റാസ ലോകത്ത് തന്നെ തനിച്ചായി. കൊട്ടാരത്തില്‍ അദ്ദേഹത്തിനുള്ള അതിഥികള്‍ വിദേശത്ത് നിന്നുള്ള പത്രപ്രവര്‍ത്തകര്‍ മാത്രമായി. എന്നാല്‍ അവരൊന്നുമായി റാസ അടുപ്പമുണ്ടാക്കിയില്ല. ഇവിടെ പോലീസിനെ പോലും അനുവദിച്ചിരുന്നില്ല. അനേകം നായ്ക്കള്‍ ഉണ്ടായിരുന്ന വീട്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. റാസ മരിക്കുമ്പോള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു അകവശം. മേശകളും മറ്റും ദ്രവിച്ചു തുടങ്ങിയിരുന്നു. അതേസമയം ആഹാരം കഴിച്ചതിന് ശേഷം കപ്പുകളും കെറ്റിലും പാത്രങ്ങളും വൃത്തിയായി നിരത്തിയ നിലയിലാണ് ഡൈനിംഗ് ടേബിള്‍. ഒരു ചുവന്ന ടെലിഫോണ്‍ തകര്‍ന്നു കിടന്നിരുന്നു. ടേബിളിന് മുകളില്‍ ഒരു വലിയ ഗ്‌ളാസ്സില്‍ വെള്ളം നിറച്ചു വെച്ചിരുന്നു. മരണ ദിവസം റാസ തന്നെ ഇവിടെ വെച്ചിരുന്നതായിരിക്കാമെന്നാണ് കരുതുന്നത്. വഖഫ് ബോര്‍ഡിന്റെ സഹായത്തോടെ ഡല്‍ഹി ഗേറ്റിലായിരുന്നു മൃതദേഹം മറവു ചെയ്തത്. സംഭവത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്.
viral stuff
രാജകുമാരന്‍ ഒടുവില്‍ ഏകാന്തതയില്‍ വിധിക്ക് കീഴടങ്ങി ; മിണ്ടാനും പറയാനും ആളില്ലാതെ പടുകൂറ്റന്‍ കൊട്ടാരത്തില്‍ പാപ്പരായി മരണം…
December 31, 2017
No Comments
0 comments:
Post a Comment